ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2017, സെപ്റ്റം 10

പഥികന്‍റെ രോദനം

പഥികന്‍റെ രോദനം
****************************
ഇന്നുസന്ധ്യയ്ക്ക് പണ്ടന്നൊരിയ്ക്കലും 
കണ്ടിടാത്തപോലെന്തിത്ര കാന്തിയെ-
ന്നിണ്ടലൂറുന്നതെന്തിന്നു മാനസം,
കണ്ടുതീര്‍ന്നില്ല കൗതുകം നിന്നിലോ?

മഞ്ഞിലൂഞ്ഞാലതീര്‍ത്തു പൊല്‍ച്ചന്ദ്രിക,-
ക്കുഞ്ഞുമേഘങ്ങളോടുചേര്‍ന്നുല്ലസി-
യ്ക്കുന്നുതാരകപ്പൊന്‍പയോധിയ്ക്കുമൊ-
ത്തെന്തൊരാകാശ വിസ്മയത്തോരണം!

ചാമരംതീര്‍ത്തുമാരുതന്‍ താളമി-
ട്ടോതിമോദം ചലിപ്പിച്ച ശാഖികള്‍,
സാഗരം-ശാന്ത-തീരത്തെയെത്ര സാ- 
കൂത,ഗാഢം പുണര്‍ന്നുനില്‍ക്കുന്നിതോ!

കണ്ടുകോള്‍മയിര്‍ക്കൊള്ളുമ്പൊഴെന്തിനെ-
ന്നുള്ളിനാധി,ധൂമക്കൊടുങ്കാറ്റുയിര്‍-
കൊണ്ടു പൊള്ളുന്നു,"നേരമാ"യെന്നതുള്‍-
ക്കൊള്ളുവാനോതിടുന്നതോയിവ്വിധം!

എന്നെയന്നിങ്ങു കൊണ്ടുവന്നാക്കിയോ-
രില്ല വന്നില്ലതെല്ലുദൂരം തനി-
ച്ചാക്കിയെങ്ങോ മറഞ്ഞതില്‍പ്പിന്നെയീ-
ക്കാഞ്ഞമണ്ണിന്നു കണ്ണീരുതേവി ഞാന്‍.

എങ്ങുമെത്താത്ത പാതയോരത്തുതെ-
ല്ലൊന്നു സ്തബ്ധനായ് നിന്നതോര്‍ക്കുന്നുഞാന്‍,
പിന്നെയെല്ലാ,മൊരുക്കമില്ലാത്തമുള്‍-
ക്കര്‍മ്മകാണ്ഡം ചവിട്ടിക്കിതച്ചു ഞാന്‍.

തന്നതീശന്‍ തനിച്ചുള്ളതീരമെ-
ന്നന്നുകാത്തൂ ശിരോലിഖിതങ്ങളായ്,
കുന്നുകേറിത്തുടങ്ങിയിട്ടെത്രനാ-
'ളിന്നു തീര്‍ത്തുറങ്ങേണമെ'ന്നുള്ളതാം!

നാളെയുണ്ടാമിതില്‍പ്പരംശോഭ,കാ-
ണാതിരിയ്ക്കാം,മതുംനിന്‍റെ നിശ്ചയ-
മെന്നതൊന്നും മറന്നല്ല,യെങ്കിലു-
മിന്നുമാശിച്ചു പോകുന്നുനാളെയെ!

കാലമെന്തോകുറിച്ചിട്ട ജീവിത-
ത്താളിനന്നം കൊറി്യ്ക്കുമെന്‍ 'നാള്‍'ച്ചിതല്‍
ചാലുകീറിപ്പരക്കുമെന്‍നെഞ്ചിലെ-
ത്താളമൂറ്റിക്കുടിച്ചു തീര്‍ന്നില്ലയോ!

ഇന്ന്സന്ധ്യയ്ക്കു പണ്ടന്നൊരിയ്ക്കലും
കണ്ടിടാത്തപോലെന്തിത്ര ഭംഗിയെ-
ന്നല്ലലേറുന്നതിന്നുണ്ട് കാരണ-
മില്ലനാളെ,യിവള്‍ക്കെനിയ്ക്കായ് വരാന്‍!

എന്നെയാരോപറിച്ചെടുക്കുന്നിതോ!
കണ്ടുതീരാത്ത കാഴ്ചകള്‍ക്കിപ്പുറം!
ഇമ്പമോടേ തുടിയ്ക്കുന്നൊരുണ്ണിയേ-
യമ്മയില്‍നിന്നടര്‍ത്തീടിലെന്നപോല്‍!

തെല്ലുനില്‍ക്കൂ! കറുപ്പിന്‍റെകമ്പള-
ത്താലെയെന്നെ,യെന്‍ കുന്നുരുക്കങ്ങളെ-
യിന്നുമൂടിപ്പുതപ്പിച്ചിടാതെഞാ-
നൊന്നുറങ്ങാതിരുന്നോട്ടെ രാവിതില്‍...

കുന്നിറങ്ങിക്കടന്നുചെല്ലേണമാ-
ക്കൊന്നപൂക്കുന്ന താഴ്വരക്കാട്ടിലെന്‍
അമ്മയോടൊന്നു യാത്രചൊല്ലീടണം,
പിന്നെയെന്നെയടര്‍ത്തെടുത്തീടുക...

കണ്ണുനീരില്‍ക്കുഴഞ്ഞുവീഴും മണല്‍-
ക്കുന്നുമൂടുമെന്‍ ദേഹമെന്നാകിലും,
വിണ്ണിലാര്‍ന്നൊന്നുദിച്ചീടിലെങ്കിലെ,-
ന്നെന്തിനെന്നില്ല,യാശിച്ചിടുന്നു ഞാന്‍!

ഇന്നുസന്ധ്യയ്ക്കു മുന്‍പെന്നൊരിക്കലും
കണ്ടിടാത്തത്ര ചന്തമുണ്ടീവിധം!!!

ശോണവര്‍ണ്ണത്തിരശ്ശീല,യംബര-
മാഴിയില്‍വീഴ്ത്തി അന്ത്യരംഗംകഴി-
ഞ്ഞൂഴിയില്‍ ഒടുങ്ങുന്നതാംജീവിത-
മാണ്! നാടകം! സായന്തനം!ശുഭം!
________==============_______

കെ.എം.ദാസ്‌ ഇരിട്ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge